കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക.
ചൊവ്വാഴ്ച വൈകുന്നേരം 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ച് ഫയർ എൻജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അത്യാധുനിക ഫയർ എൻജിനുകളുമെത്തി.
നാലുനിലക്കെട്ടിടത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് തീപടർന്നെന്നാണ് പ്രാഥമിക വിവരം. റമസാൻ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. ഇവിടെനിന്നുമാണ് ആദ്യം പുക ഉയർന്നതെന്ന് ജീവനക്കാർ പറഞ്ഞു.